11 April, 2021 11:16:52 PM
പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കി, ഫ്‌ളൈയിങ് കിസ് നൽകി; 20 കാരന് കഠിനതടവ്
മുംബൈ: പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കണ്ണിറുക്കിക്കാണിച്ച്, ഫ്‌ളൈയിങ് കിസ് നൽകിയതിന് തടവു ശിക്ഷ വിധിച്ച് മുംബൈ കോടതി. ഇരുപതുകാരനാണ് പോക്‌സോ കോടതി ഒരു വർഷത്തെ തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചത്. ഇതിൽ പതിനായിരം രൂപ പെൺകുട്ടിക്കാണ് നൽകേണ്ടത്. 14 വയസ്സുകാരിയാണ് പരാതിക്കാരി.
കഴിഞ്ഞ വർഷം ഫെബ്രുവരി 29 ന് സഹോദരിയോടൊപ്പം പുറത്തിറങ്ങിയപ്പോൾ അയൽവാസിയായ പ്രതി കണ്ണിറുക്കിയെന്നും ഫ്‌ളൈയിങ് കിസ് നൽകിയെന്നുമാണ് പരാതി. നേരത്തെയും ഇത്തരം പ്രവൃത്തികൾ പ്രതിയിൽ നിന്നുണ്ടായിട്ടുണ്ടെന്നും പരാതിയിലുണ്ട്. താനും പെൺകുട്ടിയുടെ ബന്ധുവും തമ്മിൽ 500 രൂപയ്ക്ക് പന്തയം വെച്ചാണ് ഇങ്ങനെ ചെയ്തതെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.
പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ച് മകൾ തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ കോടതിയിൽ മൊഴി നല്കിയിരുന്നു. കുട്ടിയും അമ്മയും വിവരിച്ച കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉള്ളടക്കം ഉള്ളവയല്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിയിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നും അഭിഭാഷകർ വാദിച്ചു. എന്നാൽ പ്രതിക്കെതിരെ വ്യജ കുറ്റം ചുമത്താൻ എതെങ്കിലും തരത്തിലുള്ള കാരണം കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇതിന് പുറമേ, സംഭവത്തിന് ശേഷം പ്രതി പല തവണ തർക്കിച്ചതിന് തെളിവുകൾ ഉണ്ട്. കണ്ണിറുക്കുന്നതും ഫ്‌ളൈയിങ് കിസ് നൽകുന്നതും ലൈംഗിക ആംഗ്യമാണെന്നും അതുവഴി ഇരയെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും കോടതി ശിക്ഷാവിധിയില്‍ വ്യക്തമാക്കി.