05 April, 2021 09:09:57 PM


ആകെ വോട്ടര്‍മാര്‍ 90, വോട്ട് ചെയ്തത് 181 പേര്‍: 6 പേര്‍ സസ്പെന്‍ഷനില്‍



ദിസ്‌പൂർ: അസമിലെ ഒരു പോളിങ് ബൂത്തിൽ ആകെ വോട്ടർമാരുടെ എണ്ണത്തിന്‍റെ ഇരട്ടിയില്‍ കൂടുതൽ വോട്ടുകൾ പോൾ ചെയ്തു. ദിമ ഹസാവോ ജില്ലയിലെ പോളിങ് ബൂത്തിലാണ് സംഭവം. ബൂത്തില്‍ വോട്ട് ചെയ്യേണ്ടവരുടെ എണ്ണം 90 ആണ്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണം 181. ഇതോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേട് നടന്ന ബൂത്ത് ഹാഫ്ലോങ് മണ്ഡലത്തിലാണ്. ഏപ്രിൽ ഒന്നിന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേട് നടന്നത്.


ഈ ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തിയേക്കും. 2016ൽ ബിജെപി സ്ഥാനാര്‍ഥിയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. അസമില്‍ ഈ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ കൊണ്ടുപോയതും വിവാദമായിരുന്നു. എന്നാല്‍ ഈ വോട്ടിങ് മെഷീനില്‍ ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചത്. മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27, ഏപ്രില്‍ 1 തിയ്യതികളിലായിരുന്നു ഒന്നും രണ്ടും ഘട്ടങ്ങള്‍. നാളെയാണ് മൂന്നാം ഘട്ടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K