02 April, 2021 01:56:03 PM
ബിജെപി സ്ഥാനാർഥിയുടെ കാറിൽ വോട്ടിംഗ് യന്ത്രം: ആസാമിൽ വൻ സംഘർഷം
ഗോഹട്ടി: ആസാമിൽ വോട്ടെടുപ്പിനു ശേഷം വോട്ടിംഗ് യന്ത്രം (ഇവിഎം) കൊണ്ടുപോകാൻ ബിജെപി സ്ഥാനാർഥിയുടെ കാർ ഉപയോഗിച്ചതിനെതിരെ വൻ സംഘർഷം. കാർ വളഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
ആസാമിലെ ബരാക് വാലിയിൽ കരിംഗഞ്ച് ജില്ലയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കരിംഗഞ്ച് ജില്ലയിലെ രത്നാരി മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. വോട്ടിംഗ് യന്ത്രം കൊണ്ടുപോകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയിരുന്ന വാഹനം ബ്രേക്ഡൗൺ ആയതോടെയാണ് സ്വകാര്യ വാഹനത്തെ ആശ്രയിച്ചത്.
സ്ട്രോംഗ് റൂമിലേക്ക് മാറ്റാൻ വോട്ടിംഗ് യന്ത്രം കൊണ്ടുപോകും വഴിയാണ് വാഹനം ബ്രേക്ഡൗൺ ആയത്. മറ്റൊരു വാഹനം ഏർപ്പെടുത്തണമെന്ന് പ്രിസൈഡിംഗ് ഓഫീസർ സെക്ടർ ഓഫീസറോട് ആവശ്യപ്പെട്ടു. പോളിംഗ് ഉദ്യോഗസ്ഥർ കരിംഗഞ്ച് ജില്ലയിലെ പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിന്റെ കാറിൽ വോട്ടിംഗ് യന്ത്രവുമായി യാത്ര തുടർന്നു.
സ്ട്രോംഗ് റൂമിലേക്ക് എത്തുമ്പോഴാണ് മറ്റുപാർട്ടിക്കാർ ഈ വിവരം അറിയുന്നത്. ഉടനെ ഡ്രൈവറെ ഉൾപ്പെടെ പ്രതിഷേധക്കാർ വളഞ്ഞുവച്ചു. പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ബിജെപി വോട്ടിംഗ് യന്ത്രം പിടിച്ചെടുത്തെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.