22 March, 2021 09:48:00 AM
റെയ്ഡുകളെ ഭയക്കുന്നില്ല; അത് ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയം - കമൽഹാസൻ
ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും ഭയക്കുന്നില്ലെന്നും നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽഹാസൻ. തന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയാൽ ഒന്നും കണ്ടെത്താൻ പോകുന്നില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കൾ നീതിമയ്യം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറിന്‍റെ ഭീഷണിയെ കുറിച്ച് കേരളത്തിലെ ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
ആഹാരം അടക്കമുള്ള കാര്യങ്ങളിൽ തമിഴ്നാട് സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. എല്ലാത്തിലും കമീഷൻ പറ്റുകയാണ്. ജനങ്ങളുടെ നികുതി പണം മറ്റ് മേഖലയിലേക്ക് വഴിമാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുള്ളത്. മികച്ച വിജയം നേടുക തന്നെ ചെയ്യുമെന്നും കമൽഹാസൻ വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച മക്കൾ നീതിമയ്യം അടക്കം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് മിന്നൽപരിശോധന നടത്തിയിരുന്നു. മക്കൾ നീതിമയ്യം ട്രഷറർ അനിത ശേഖറിന്റെ തിരുപ്പൂർ ലക്ഷ്മിനഗർ, ബ്രിഡ്ജ്വേ കോളനി എന്നിവിടങ്ങളിലെ 'അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് ഉദ്യാേഗസ്ഥർ റെയ്ഡ് നടത്തിയത്.