16 March, 2021 07:06:26 PM
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പി.സി. ചാക്കോ എന്‍.സി.പിയുടെ ഭാഗമായി ഇടതുമുന്നണിയില്‍
ദില്ലി: സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതിലെ അസ്വാരസ്യത്തെ തുടര്‍ന്ന് രാജിവെച്ച കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ എന്‍.സി.പിയുടെ ഭാഗമായി ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഇടതുമുന്നണിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് പി.സി. ചാക്കോ പറഞ്ഞു. ദില്ലിയിലെ സി.പി.എം ഓഫിസിലെത്തിയ പി.സി. ചാക്കോ സി.പി.എം ജനറല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടു. ഔദ്യോഗികമായി എന്‍.സി.പിയില്‍ അംഗമാവുകയാണെന്നും, എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും പി.സി. ചാക്കോ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ദില്ലിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നതെന്നും, കേരളത്തില്‍ കോണ്‍ഗ്രസില്ലെന്നും ഗ്രൂപ്പ് മാത്രമെ ഉള്ളുവെന്നും ചാക്കോ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ രംഗത്തെത്തിയിരുന്നു.