07 March, 2021 11:06:43 AM
സൂപ്പർ താരം മിഥുൻ ചക്രബർത്തി ബിജെപിയിലേക്ക്; മോദി റാലിയിൽ പങ്കെടുക്കും
കൊൽക്കത്ത: ബ്രിഗേഡ് മൈതാനിയിൽ ഇന്നു നടക്കുന്ന മോദി റാലിയിൽ ബംഗാളി സൂപ്പർ താരം മിഥുൻ ചക്രബർത്തി പങ്കെടുക്കുമെന്ന് ബിജെപി നേതാവ് കൈലാശ് വിജയവാർഗിയ. താരവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വിജയവാർഗിയ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, തൃണമൂൽ എംപിയായിരുന്നു മിഥുൻ ചക്രബർത്തി.
മോദിയുടെ റാലിയിൽ പത്തു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ബിജെപിയുടെ ഏറ്റവും വലിയ പൊതുപരിപാടിയാണ് ബ്രിഗേഡ് മൈതാനിയിലേത്. പരിപാടിയിൽ വച്ച് മിഥുൻ ചക്രബർത്തി ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ഈയിടെ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് താരവുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മലാഡ് വെസ്റ്റിലെ മാധ് ദ്വീപിലെ മിഥുനിന്റെ വസതിയിൽ പ്രാതൽ കഴിച്ചാണ് ഭാഗവത് മടങ്ങിയത്.
ഹിന്ദി, ബംഗാളി സിനിമകളിലെ ക്ഷുഭിത യൗവനമായിരുന്ന മിഥുന് സംസ്ഥാനത്ത് എഴുപതാം വയസ്സിലും സംസ്ഥാനത്ത് വലിയ ആരാധകവൃന്ദമുണ്ട്. ഇത് വോട്ടാക്കാനാണ് ബിജെപി ശ്രമം. താരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. സിനിമയുടെ ഓരം ചേർന്ന് രാഷ്ട്രീയവും കൂടെക്കൊണ്ടു നടന്ന താരമാണ് മിഥുൻ ചക്രബർത്തി. തീവ്ര ഇടത് പ്രസ്ഥാനങ്ങളോടായിരുന്നു ആദ്യകാലത്ത് ആഭിമുഖ്യം. പിന്നീട് ഇടത് ചേരിയിലെത്തി. തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ പാർട്ടിയിൽ ചേർന്ന് രാജ്യസഭാംഗമായി. ആരോഗ്യകാരണങ്ങളാൽ നിലവിൽ പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ്.