26 February, 2021 12:13:39 AM
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തി
മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്ന് മുംബൈ പോലീസ് അറിയിച്ചു. അംബാനിയുടെ വസതിയായ ആന്‍റിലയ്ക്ക് പുറത്ത് സംശയാസ്പദമായ നിലയില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
മുംബൈ പൊലീസിലെ ഡിസിപി ചൈതന്യ സംഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെ- 'ഗാംദേവി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡില്‍ ഇന്ന് വൈകുന്നേരമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്. ഉടന്‍ ബോംബ് ഡിറ്റക്ഷന്‍ ആന്‍റ് ഡിസ്പോസല്‍ സ്ക്വാഡിനെ വിവരം അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച നിലയിലായിരുന്നില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്'. സംഭവം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് സ്ഥിരീകരിച്ചു. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്ന് വസ്തുത പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.