24 February, 2021 01:29:08 PM
ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ; ഇന്ന് അംഗത്വം സ്വീകരിക്കും
ഹൂഗ്ലി: തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. ഹൂഗ്ലിയിൽ ഇന്ന് വൈകീട്ട് നടക്കുന്ന മമത ബാനർജി പങ്കെടുക്കുന്ന റാലിയിൽ വെച്ചാണ് താരം അംഗത്വം സ്വീകരിക്കുക. ഇന്ന് രാവിലെ മനോജ് തിവാരി തന്നെയാണ് പാർട്ടിയിൽ ചേരുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തന്‍റെ രാഷ്ട്രീയ പ്രവർത്തങ്ങൾക്കായുള്ള ഇൻസ്റ്റാഗ്രാം പ്രൊഫൈലിന്‍റെ ലിങ്കും അദ്ദേഹം പങ്കുവെച്ചു.
"ഇന്നൊരു പുതിയ യാത്ര ആരംഭിക്കുകയാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും വേണം. ഇനി മുതൽ ഇതായിരിക്കും എന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ " അദ്ദേഹം കുറിച്ചു. ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ താരമാണ് മനോജ് തിവാരി. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവൻ പഞ്ചാബ്, റൈസിംഗ് പൂനെ സൂപ്പർ ജയൻറ്സ് തുടങ്ങിയ ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.