22 February, 2021 04:39:10 PM
പുതുച്ചേരിയിൽ മന്ത്രിസഭ വീണു; ഒപ്പം ദക്ഷിണേന്ത്യയിലെ കോൺഗ്രസ് ഭരണവും
ചെന്നൈ: പുതുച്ചേരി നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. ഇതോടെ സ്പീക്കർ നിയമസഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് പ്രതിസന്ധിയിലായതിനു പിന്നാലെയാണ് ഇന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത്. നിലവിൽ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങൾ മാത്രമെയുള്ളൂ. പ്രതിപക്ഷത്ത് 14 പേരും. ഞായറാഴ്ചയും രണ്ട് എംഎല്‍എമാര്‍ കോൺഗ്രസ് വിട്ടിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. ഭൂരിപക്ഷം നഷ്ടമായതോടെ ദക്ഷിണേന്ത്യയിൽ അവശേഷിച്ച ഏക കോൺഗ്രസ് സർക്കാരാണ് നിലംപൊത്തിയത്.
മുന്‍ ലഫ. ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു. ജനങ്ങള്‍ തിരസ്‌കരിച്ച പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ.ലക്ഷ്മീനാരായണന്‍, ഡിഎംകെ എംഎല്‍എ കെ.വെങ്കടേശന്‍ എന്നിവരാണ് ഞായറാഴ്ച സ്പീക്കറുടെ വസതിയില്‍ എത്തി രാജി നല്‍കിയത്. ഇതോടെ ഒരുമാസത്തിനിടെ രാജിവച്ച ഭരണകക്ഷി എംഎല്‍എമാരുടെ എണ്ണം ആറായി. ഇവര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്.