16 February, 2021 02:05:27 PM


മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും



ഭോപ്പാൽ: മധ്യപ്രദേശില്‍ ബസ് നിയന്തണം വിട്ട്  കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. സിദ്ധി ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്. പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഏകദേശം 54 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 32 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഏഴ് പേരെ രക്ഷാസംഘം രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്.


സിദ്ധിയിൽ നിന്നും സത്നയിലേക്ക് പുറപ്പെട്ട യാത്രാ ബസ് രാവിലെ ഏഴരയോടെയാണ് രാംപുർ നയ്കിൻ പ്രദേശത്ത് വച്ച് അപകടത്തില്‍പ്പെടുന്നത്. ചുയ്യ താഴ്വര വഴി പോകേണ്ടിയിരുന്ന ബസ് അവസാന നിമിഷം റൂട്ട് മാറ്റി ഇതുവഴി പോയതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഡ്രൈവറുടെ വാക്കുകൾ അനുസരിച്ച് ട്രാഫിക് ജാം ഒഴിവാക്കുന്നതിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് സൂചന.

യാത്രാമധ്യേ നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേന ഉടൻ തന്നെ സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ സമീപത്തെ ബൻസാഗർ ഡാമിലെ ജലമൊഴുക്കും നിര്‍ത്തി വച്ചിട്ടുണ്ട്. 32 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ അമിത തിരക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗതാഗതമന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി, അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തന്‍റെ ഇന്നത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K