09 February, 2021 05:53:14 PM
കണ്ണ് നനഞ്ഞ് വികാരാധീനനായി പ്രധാനമന്ത്രി; ഗുലാം നബി ആസാദിന് യാത്രയയപ്പ്
ദില്ലി: രാജ്യസഭയില്‍ മുതിർന്ന കോൺഗ്രസ് അംഗം ഗുലാം നബി ആസാദിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കണ്ണുകള്‍ നനഞ്ഞ്, തൊണ്ട ഇടറിയാണ് മോദി ചടങ്ങിൽ പ്രസംഗിച്ചത്. ഗുജറാത്തിലെ ഒരു കുടുംബം കാശ്മീരിൽ കുടുങ്ങിയപ്പോൾ ഗുലാം നബി ആസാദ് നടത്തിയ ഇടപെടലുകളെ കുറിച്ചും മോദി വിശദീകരിച്ചു.
ആസാദ് രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിനിടെ കശ്മീരിൽ കുടുങ്ങിപ്പോയ ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ആസാദ് നടത്തിയ ഇടപെടലുകളെ കുറിച്ച് വിവരിച്ചപ്പോഴാണ് പ്രധാനമന്ത്രി വികാരാധീനനായത്. ഏറെ നേരം വാക്കുകൾ കിട്ടാതെ വിതുമ്പിയ പ്രധാനമന്ത്രി, ഒടുവിൽ ഗുലാം നബിയെ സല്യൂട്ട് ചെയ്തു. അവരെ നാട്ടിലെത്തിക്കാൻ ഗുലാം നബി ആസാദും പ്രണബ് മുഖർജിയും നടത്തിയ പരിശ്രമങ്ങൾ മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'സ്ഥാനങ്ങളും പദവികളും അധികാരങ്ങളുമൊക്കെ കൈവരും... ഇവയൊക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു നല്ല സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണുന്നത്. സ്വന്തം കുടുംബാംഗങ്ങൾ എന്ന പോലെയാണ് ഗുലാം നബി ആസാദ് ഗുജറാത്തിലെ വിനോദസഞ്ചാരികളുടെ വിഷയത്തിൽ നിരന്തരമായി ഇടപെട്ടത്. വർഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. ഞങ്ങൾ ഒരേ കാലഘട്ടത്തിൽ മുഖ്യമന്ത്രിമാരായിരുന്നു. മുഖ്യമന്ത്രി ആകും മുൻപും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്.' – പ്രധാനമന്ത്രി പറഞ്ഞു.