08 February, 2021 06:37:05 PM


എഐഎഡിഎംകെ പതാകയുമായി ശശികല; പാര്‍ട്ടി ക്യാമ്പില്‍ ആശയക്കുഴപ്പം



ചെന്നൈ: പുറത്താക്കപ്പെട്ട നേതാവ് വി.കെ.ശശികല ബെംഗളൂരുവില്‍നിന്ന് മടങ്ങുന്നത് എഐഎഡിഎംകെ ക്യാമ്പിനെ വീണ്ടും അലോസരപ്പെടുത്തിക്കൊണ്ട്. പാര്‍ട്ടി പതാക സ്ഥാപിച്ച കാറിലാണു ശശികലയുടെ മടക്കം. മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ഉറ്റ സഹായിയായിരുന്ന ശശികല അഴിമതിക്കേസിലെ നാല് വര്‍ഷത്തെ തടവിനുശേഷമാണു തമിഴ്‌നാട്ടിലേക്കു മടങ്ങിയത്. ജനുവരി 27 ന് ജയില്‍ മോചിതയായെങ്കിലും കോവിഡ് ചികിത്സയെത്തുടര്‍ന്നാണു ശശികലയുടെ മടക്കം വൈകിയത്.


ജയില്‍മോചിതയായ ശേഷം ശശികല പാര്‍ട്ടി പതാക ഉപയോഗിച്ചിരുന്നു. ഇതിനെതിരെ, ഭരണകക്ഷിയായ എഐഎഡിഎംകെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വകുപ്പ് ആരുടെ പേരും വ്യക്തമാക്കാത്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


മരുമകന്‍ ടിടിവി ദിനകരന്‍, അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട സഹോദരി ജെ.ഇളവരസി എന്നിവരും ശശികലയ്ക്കൊപ്പം ഉണ്ടായിരുന്നു. ടിടിവി ദിനകരന്റെ പാര്‍ട്ടി 'അമ്മ മക്കള്‍ മുന്നേത്ര കഴകം' തമിഴ്നാട് അതിര്‍ത്തിയായ ജുജുവാദിയില്‍നിന്ന് ചെന്നൈ ടി നഗറിലെ താല്‍ക്കാലിക വസതിയിലേക്കുള്ള യാത്രാമധ്യേ വന്‍ സ്വീകരണം ആസൂത്രണം ചെയ്തിട്ടുണ്ട്.


മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എം.ജി രാമചന്ദ്രന് ആദരം അര്‍പ്പിക്കുന്നതിനായി ശശികല രാമപുരം ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

അതേസമയം, പോയ്സ് ഗാര്‍ഡന്‍ വസതി ഉള്‍പ്പെടെ നഗരത്തിലെ പല പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റോയപേട്ടയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ധാരാളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. ശശികലയെ സ്ഥലം സന്ദര്‍ശിക്കുന്നത് തടയാന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ നടത്തിയ ശ്രമമാണിതെന്നാണു ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.


അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ 2017 ല്‍ ശിക്ഷിക്കപ്പെട്ട വി.കെ.ശശികല ഇക്കഴിഞ്ഞ ജനുവരി 27 ന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് മോചിതയായത്. തുടര്‍ന്ന് കോവിഡ് -19 ന് പോസിറ്റീവായതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം ക്വാറന്റൈനില്‍ ഒരു റിസോര്‍ട്ടില്‍ താമസിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെതുടര്‍ന്ന് എഐഎഡിഎംകെ പതാക കാറിന്‍റെ ബോണറ്റില്‍ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എഐഎഡിഎംകെ ക്യാമ്പിനെ അലോസരപ്പെടുത്തി. ശശികല തമിഴ്നാട്ടിലേക്ക് മടങ്ങുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും എന്നാല്‍ യാത്രയ്ക്കിടെ എഐഎഡിഎംകെ ഉപയോഗിക്കാന്‍ ശശികലയെ അനുവദിക്കാനാവില്ലെന്നും നിയമമന്ത്രി സി.വെ.ഷണ്‍മുഖം പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K