25 November, 2020 09:49:10 PM
പ്രായപൂർത്തിയായ സ്ത്രീക്ക് എവിടെയും ആഗ്രഹിക്കുന്ന ആർക്കൊപ്പവും കഴിയാം: ദില്ലി ഹൈക്കോടതി
ദില്ലി: പ്രായപൂർത്തിയായ സ്ത്രീക്ക് അവൾ ആഗ്രഹിക്കുന്ന എവിടെയും ആഗ്രഹിക്കുന്ന ആരുടെ ഒപ്പവും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ഇരുപതുവയസുകാരിയെ കാണാതായി ചൂണ്ടിക്കാട്ടി അവരുടെ മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റീസുമാരായ വിപിൻ സാംഖി, രജനിഷ് ഭട്നാഗർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തന്റെ ഇഷ്ടപ്രകാരമാണ് വീട് വിട്ടതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും യുവതി കോടതിയിൽ അറിയിച്ചു.
യുവതിയെ ഭർത്താവിന്റെ വീട്ടിൽ എത്തിക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകിയ കോടതി മാതാപിതാക്കൾ യുവതിയെ ഭീഷണിപ്പെടുത്തില്ലെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ പോലീസിനെ ബന്ധപ്പെടാൻ ദമ്പതികൾ താമസിക്കുന്ന സ്ഥലത്തെ ബീറ്റ് ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ ഇവർക്ക് നൽകാനും കോടതി നിർദേശിച്ചു.