20 September, 2020 09:50:23 PM
വിവാദ കാർഷികബിൽ രാജ്യസഭയും പാസാക്കി; ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം
ദില്ലി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ കാർഷിക ബിൽ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. കരാർകൃഷി അനുവദിക്കൽ, ഉത്പന്ന വിപണന നിയന്ത്രണം നീക്കൽ ബില്ലുകളാണ് പാസാക്കിയത്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് അസാധാരണമായ വിധത്തിലാണ് ബിൽ പാസാക്കിയത്. ഇതിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. പട്ടാള ഭരണ രീതിയിൽ ബിൽ അടിച്ചേൽപ്പിച്ചെന്നും ആന്റണി കൂട്ടിച്ചേർത്തു.
ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാൻ റൂൾ ബുക്ക് കീറി എറിഞ്ഞു. ഉപാധ്യക്ഷന്റെ ഡയസിനരികിലെത്തി മൈക്ക് തട്ടിമാറ്റി. മുൻ നിശ്ചയിച്ചതിന് വിരുദ്ധമായി സഭാ നടപടികൾ നീട്ടി കൊണ്ടു പോകാൻ ഉപാധ്യക്ഷൻ ശ്രമിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. നാലു മണിക്കൂർ നീണ്ട ചർച്ച ഉച്ചഭക്ഷണ സമയത്തോടെ അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ, വിവാദ ബിൽ പാസാക്കാനായി സഭാ നടപടികൾ തുടരാൻ ശ്രമിച്ചതോടെ പ്രതിപക്ഷം ബഹളംവെച്ച് നടുത്തളത്തിലിറങ്ങുകയായിരുന്നു. ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ കാർഷിക ബിൽ കീറിയെറിഞ്ഞു. തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.