18 September, 2020 12:41:35 AM
കാർഷിക ബില്ലുകളിൽ പ്രതിഷേധം: കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു
ദില്ലി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയിൽനിന്ന് രാജിവച്ചു. മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളിൽ പ്രതിഷേധിച്ചാണു രാജി. അകാലിദൾ അധ്യക്ഷനും ഹർസിമ്രത് കൗറിന്റെ ഭർത്താവുമായ സുഖ്ബിർ സിംഗ് ബാദൽ മന്ത്രി രാജിവയ്ക്കുമെന്ന കാര്യം പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ രാജി.
ശിരോമണി അകാലിദൾ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നതു തുടരുമെന്നും എന്നാൽ കർഷക വിരുദ്ധ രാഷ്ട്രീയത്തെ എതിർക്കുമെന്നും സുഖ്ബീർ ബാദൽ പറഞ്ഞു. ഹർസിമ്രതും സുഖ്ബിർ ബാദലും മാത്രമാണ് ലോക്സഭയിലെ അകാലിദൾ അംഗങ്ങൾ. കാർഷിക മേഖലയിലെ വലിയ പരിഷ്കരണമാണെന്നു ബിജെപി അവകാശപ്പെടുന്ന ബില്ലുകളെച്ചൊല്ലിയാണു കേന്ദ്രമന്ത്രി രാജിവച്ചത്. ബില്ലിനെതിരേ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങൾ അവഗണിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.