14 September, 2020 11:55:05 PM
ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പാക്കിസ്ഥാന്‍ തുരങ്കങ്ങള്‍ ഉപയോഗിക്കുന്നു
ശ്രീനഗര്‍: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പാക്കിസ്ഥാന്‍ തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ്. ഭീകരരുടെ നുഴഞ്ഞു കയറ്റം സുഗമമാക്കുന്നതിനു വേണ്ടിയാണ് അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാന്‍ തുരങ്കങ്ങള്‍ കുഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാല ജില്ലയില്‍ അടുത്തിടെ കണ്ടെത്തിയ 170 മീറ്ററുള്ള തുരങ്കം പരിശോധിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.
ഓഗസ്റ്റ് 28ന് അതിര്‍ത്തിയില്‍ 20-25 അടി താഴ്ചയുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയതായും ദില്‍ബാഗ് കൂട്ടിച്ചേര്‍ത്തു.വലിയ തുരംഗമാണ് കണ്ടെത്തിയത്. 2013-14 കാലത്ത് ചന്യാരിയില്‍ കണ്ടെത്തിയതിന് സമമാണ് ഇത്. നഗ്രോട്ട ഏറ്റുമുട്ടലിന് ശേഷമാണ് അന്ന് അത് കണ്ടെത്തിയത്. എന്താണ് ഈ തുരംഗത്തിന്റെ ഉപയോഗം എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നടപടി ഉണ്ടാകുമെന്നും ജമ്മു കശ്മീര്‍ പോലീസ് മേധാവി അറിയിച്ചു.