13 September, 2020 11:27:14 AM
നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പില്ല - എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാൻ
പറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെഡിയുവുമായുള്ള സഖ്യത്തിൽ വിള്ളലുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ലോക് ജൻശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ. തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷ് കുമാറിനെ ഉയർത്തി കാണിക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ചിരാഗ് പസ്വാൻ വ്യക്തമാക്കി.
ജെഡിയുവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് ബിഹാറിലെ കോവിഡ് വ്യാപനം, വൊള്ളപ്പൊക്കം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചിരാഗ് പസ്വാൻ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജെഡിയുവിനൊപ്പം എൽജെപി വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു.
മുന്നണിയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയും എൽജെപി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിരുന്നു. ഈ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജെഡിയുമായി ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ചിരാഗ് തന്നെ തള്ളിയത്. മുഖ്യമന്ത്രിക്ക് സ്ഥാനത്തക്ക് ബിജെപി ആരെ തെരഞ്ഞെടുത്താലും താൻ സംതൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി.