11 September, 2020 01:20:57 PM
ബംഗളൂരു മയക്കുമരുന്നു കേസ്; കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തി രാഗിണിയും സഞ്ജനയും
ബംഗളൂരു: ബംഗളൂരു മയക്കുമരുന്നു കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റു ചെയ്ത നടിമാരായ രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗല്‍റാണിയുടെയും ചോദ്യം ചെയ്യല്‍ തുടരുന്നു. ഇരുവരെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു. മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ട മുപ്പതിലധികം ആളുകളുടെ പേരുവിവരങ്ങളും നടിമാര്‍ വെളിപ്പെടുത്തി. ഇടനിലക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണിവര്‍.
വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാന അഭിനേതാക്കള്‍, പ്രശസ്തനായ രാഷ്ട്രിയ നേതാവിന്റെ മകന്‍, ഒരു എംപി, ശക്തരായ ചില എംഎല്‍എമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ചില ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വീടുകളില്‍ പരിശോധന നടത്താനാണ് സിസിബിയുടെ നീക്കം. നടിമാരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പ് എന്നിവയില്‍ നിന്ന് നിരവധി ബിസിനസ്സുകാര്‍, രാഷ്ട്രീയ നേതാക്കളുടെ മക്കള്‍, സിനിമാമേഖലയിലുള്ളവര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോട്ടോകളും മറ്റും കണ്ടെത്തി.
ഗല്‍റാണിക്ക് ബംഗളൂരുവിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധമുള്ളതായി സിസിബി കണ്ടെത്തി. എന്നാല്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ നേതാവിനു പങ്കുണ്ടോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ശ്രീലങ്കയിലെ ഒരു കാസിനോയില്‍ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദിനെയും സഞ്ജനയെയും ഒരുമിച്ച് കണ്ടെന്ന് വെളിപ്പെടുത്തിയതിനെതിരെ പ്രശാന്ത് സമ്ബാര്‍ഗി എന്ന ആക്ടിവിസ്റ്റിനെതിരെ സമീര്‍ അഹമ്മദ് പരാതി നല്‍കി.