08 September, 2020 07:35:54 PM
മയക്കുമരുന്ന് മാഫിയയുമായി 25 ബോളിവുഡ് താരങ്ങള്‍ക്ക് ബന്ധം; പട്ടിക തയാറാക്കി എന്‍.സി.ബി
മുംബൈ: മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ 25ഓളം താരങ്ങളിലേക്ക്. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോട് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തി. റിയയുടെ സഹോദരന്‍ സൗവിക്ക് ചക്രബര്‍ത്തിയും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ചില താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം തുറന്നുകാണിക്കുന്ന ഒട്ടേറെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍.സി.ബി കണ്ടെടുത്തിരുന്നു. 25 പേര്‍ക്കും എന്‍.സി.ബി ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് വിവരം. താരങ്ങളുടെ പട്ടിക മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. റിയയെ ചൊവ്വാഴ്ച മൂന്നാംതവണയും ചോദ്യംചെയ്തതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും മൊഴി നല്‍കിയതായാണ് വിവരം.
മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ബോളിവുഡ് പാര്‍ട്ടികളെക്കുറിച്ചും റിയ എന്‍.സി.ബിയോട് പറഞ്ഞു. സുശാന്തിന്റെ ഒരു സിനിമയുടെ സെറ്റില്‍ വെച്ചാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും റിയ പറഞ്ഞു. സുശാന്തിന്റെ സിനിമയില്‍ ഒപ്പം അഭിനയിച്ചവര്‍ക്കും നോട്ടീസ് അയച്ചതായാണ് വിവരം. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരന്‍ സൗവിക്ക്, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, പാചകക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെ എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സെപ്റ്റംബര്‍ ഒമ്പതിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.