05 September, 2020 05:11:19 PM
കൈയുറയില്ലാതെ ഫയൽ നോട്ടം; കോവിഡ് ബാധിതനായ ഗോവ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം
പനാജി: കോവിഡ് ബാധിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാർഗനിർദേശങ്ങൾ പാലിക്കാതെ ഫയലുകൾ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷം. വീട്ടിലിരുന്ന് ഫയലുകൾ പരിശോധിക്കുന്നതിന്റെ ചിത്രം സാവന്ത് പങ്കുവച്ചതോടെയാണ് പ്രതിപക്ഷം വിമർശവുമായി രംഗത്തെത്തിയത്. ചിത്രത്തിൽ സാവന്ത് കൈയുറ ധരിക്കാതെയാണ് ഫയലുകൾ പരിശോധിക്കുന്നത്. മുഖ്യമന്ത്രി പരിശോധിച്ച ഫയലുകൾ ഉദ്യോഗസ്ഥർക്ക് കൈമാറുമ്പോൾ അവർക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷമായ കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്റെ ചുമതലകൾ നിർവഹിക്കുന്നത് തുടരുന്നു എന്ന കുറിപ്പോടെ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. ഔദ്യോഗിക വസതിയിലിരുന്ന് ഫയലുകൾ പരിശോധിക്കുന്ന സാവന്ത് മുഖാവരണം അണിഞ്ഞിട്ടുണ്ട്. എന്നാൽ കൈയുറ ധരിച്ചിട്ടില്ല. ഇതാണ് വിവാദമായത്. ഈ മാസം രണ്ടിനാണ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണം കാണിക്കാത്തതിനാൽ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.