31 August, 2020 02:14:04 PM
പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി: പിഴ അടച്ചില്ലെങ്കില്‍ തടവും വിലക്കും
ദില്ലി: കോടതിയലക്ഷ്യത്തിന് അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി. സുപ്രീംകോടതിയേയും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയും വിമര്‍ശിച്ച് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് കോടതിയലക്ഷ്യക്കേസില്‍ കോടതി പിഴ വിധിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 15 ന് മുമ്പ് പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും അതല്ലെങ്കില്‍ അഭിഭാഷവൃത്തിയില്‍ വിലക്കും നേരിടേണ്ടി വരും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
ഭൂഷണ്‍ മാപ്പ് പറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചു നില്‍കകുകയും ചെയ്തതോടെയാണ് പ്രശാന്ത് ഭൂഷണെതിരെ പിഴ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ബോബ്‌ഡെ നാഗ്പൂരില്‍വെച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറു വര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകള്‍. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
അതേസമയം പ്രശാന്ത് ഭൂഷണ് പുന:പരിശോധനാ ഹര്‍ജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു