31 August, 2020 11:22:25 AM


കൊവിഡിനെ പിടിച്ചു കെട്ടാനാവാതെ രാജ്യം; 24 മണിക്കൂറിനിടെ 78,512 രോഗികള്‍; 971 മരണം



ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 36,21,245 ആയി. 971 പുതിയ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ കൂടി ആകെ മരണസംഖ്യ 64,469 ആയി. നിലവില്‍ 7,81,975 പേരാണ് കൊവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ളത്. 27,74,801 പേര്‍ ഇത് വരെ രോഗമുക്തി നേടി. നിലവില്‍ 76.63 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.


അമേരിക്കയ്ക്കും ബ്രസീലിനും ശേഷം കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആഗസ്ത്് 4 ന് ശേഷം രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കണക്കുകളാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് ലക്ഷത്തിലധികം കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു. ഏകദേശം 130 കോടി ജനസംഖ്യയുള്ള ഇന്ത്യ ഇതുവരെ 4.14 കോടിയിലധികം സാംപിളുകള്‍ പരീശോധന നടത്തി.


മഹാരാഷ്ട്രയിലാണ് രാജ്യത്ത് എറ്റവും കൂടുതല്‍ കൊവിഡ് രോഗികളും കൊവിഡ് മരണവും. 24 മണിക്കൂറിനിടെ 16,408 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെ 7,80,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 296 മരണം കൂടി സ്ഥിരീകരിച്ചു. 24,399 പേര്‍ ഇത് വരെ മരിച്ചതായാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്ക്. ബീഡ്, സംഗ്ലി, കോലാപ്പൂര്‍, ഓസ്മാനാബാദ്, നാഗ്പൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.


രാജ്യത്ത് കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ആന്ധ്രാപ്രദേശ് . 4,24,767 പേര്‍ക്കാണ് ആന്ധ്രയില്‍ രോഗബാധ. തുടര്‍ച്ചയായ അഞ്ചാം ദിവസവും പതിനായിരത്തിന് മുകളിലാണ് രോഗികള്‍. നെല്ലൂര്‍, ഈസ്റ്റ് ഗോദാവരി ജില്ലകളില്‍ മാത്രം ആയിരത്തിലധികം രോഗികളുണ്ട്. 10,603 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.


തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരു മാസം കൂടി നീട്ടുവാന്‍ തീരുമാനമായി. പൊതുഗതാഗതം വീണ്ടും തുടങ്ങാനും അന്തര്‍ ജില്ലാ യാത്രയ്ക്കുള്ള പാസുകള്‍ എടുത്തുകളയാനും തീരുമാനം. അതേസമയം, സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇ പാസും ക്വാറന്റീനും തുടരും. ആരാധനാലയങ്ങള്‍ നാളെ മുതല്‍ തുറക്കും. മുഴുവന്‍ ജീവനക്കാരെയും വച്ച്‌ പ്രവര്‍ത്തിക്കാന്‍ ഓഫീസുകള്‍ക്കും അനുമതി. 6,495 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K