29 August, 2020 11:07:04 PM
ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരെ ഒഴിവാക്കും; മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രം
ദില്ലി: ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രം. ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടാനുള്ള മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും മാർഗ്ഗ നിർദ്ദേശം ബാധകമാണ്.
ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോൾ വിരമിക്കാൻ ആവശ്യപ്പെടാം എന്നാണ് മാർഗ്ഗ നിർദ്ദേശത്തില്‍ പറയുന്നത്. മറ്റുള്ളവരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാന്‍ ആവശ്യപ്പെടും. 30 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാം. ജോലിയിൽ ഉഴപ്പുന്നവരോട് വിരമിക്കാൻ പറയാം എന്നും മാർഗ്ഗനിർദ്ദേശമുണ്ട്.
സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാൻ ആവശ്യപ്പെടാം. നിലവിലെ ചട്ടങ്ങൾ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് സർക്കാർ അറിയിച്ചു. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം ചട്ടപ്രകാരം നല്കും എന്നും മാർഗ്ഗനിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു