28 August, 2020 10:57:41 PM
സ്വര്‍ണ്ണക്കടത്ത്: അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം. ലഭിച്ച മൊഴികളില്‍ അറ്റാഷെയ്‌ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍.ഐ.എ സംഘത്തെ ദുബായില്‍ എത്തി മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫൈസര്‍ ഫരീദിന്റെ നാടുകടത്തല്‍ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്‍ററി സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ വിവരം നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്‍ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് വിവാദം വന്‍ ചര്‍ച്ചയായിരിക്കെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുടെ പിന്‍ബലത്തിലാണ് അറ്റാഷെ നാടുവിട്ടത്. സ്വര്‍ണ്ണക്കടത്തിന് അറ്റാഷെയ്ക്ക് കമ്മീഷന്‍ നല്‍കിയിരുന്നതായാണ് സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.