21 August, 2020 11:32:01 AM
ജലവൈദ്യുത നിലയത്തില്‍ അഗ്നിബാധ; ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നു
ഹൈദരാബാദ്: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ അഗ്നിബാധയില്‍ ഒമ്പത് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് അഗ്നിബാധയുണ്ടായത്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. നാലാം യൂണിറ്റിൽ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീ പടർന്നുപിടിച്ചത്.
തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി. ഒമ്പത് പേര്‍കൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സമയം 19 പേർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താന്‍ ദേശീയ ദുരന്തനിവാരണ സേന ശ്രമം തുടരുകയാണ്. പുറത്തെത്തിച്ചവരില്‍ ആറു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സുരക്ഷിതരായി പുറത്തേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.