11 August, 2020 08:20:45 AM
പരിസ്ഥിതി ആഘാത പഠനം 2020ന്റെ കരട് : എത്തിയത് നാലര ലക്ഷത്തിലധികം കത്തുകൾ
ദില്ലി: പരിസ്ഥിതി ആഘാത പഠനം 2020ന്റെ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിനം ഇന്ന്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്. ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക.
മാർച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിർദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രിൽ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിർദ്ദേശങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം അവഗണിച്ചു.
ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ഡൽഹിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇഐഎ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.