08 August, 2020 09:40:37 PM
കാശ്മീരില്‍ സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് പണ്ഡിറ്റ് യുവാക്കളുടെ പ്രതിഷേധം
ശ്രീനഗര്‍: കാശ്മീരില്‍ നാന്നൂറിലേറെ ഹിന്ദു യുവാക്കള്‍ സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നു. നാന്നൂറിലേറെ വിദ്യാസമ്ബന്നരായ പണ്ഡിറ്റ് യുവാക്കളാണ് സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങളായി ഇവിടെ കാത്തിരിക്കുന്നത്. ജമ്മു കാശ്മീരില്‍ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മനോജ് സിന്‍ഹയെ നിയമിച്ചതോടെ രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണ്ഡിറ്റ് സമൂഹം.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കാശ്മീരി പണ്ഡിറ്റുകളെ പ്രതിനിധീകരിക്കുന്ന കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്നും കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി അറിയിച്ചു. 2019ല്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും അഞ്ഞൂറോളം പേര്‍ ഇപ്പോഴും സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് കെ.പി.എസ്.എസ് അദ്ധ്യക്ഷന്‍ സഞ്ജയ് ടിക്കു പറഞ്ഞു.
"ഞങ്ങള്‍ വര്‍ഷങ്ങളായി അനീതി നേരിടുന്നു. അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല. നിലവിലെ ലോക്ക്ഡൗണ്‍ സാഹചര്യം പണ്ഡിറ്റ് യുവാക്കളെ കൂടുതല്‍ സാമ്ബത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുന്നു" സഞ്ജയ് പറഞ്ഞു. കാശ്മീരിലെ ന്യൂനപക്ഷമായ പണ്ഡിറ്റുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു പാക്കേജുകളും നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ഞൂറോളം വിദ്യാസമ്ബന്നരായ യുവാക്കള്‍ക്ക് ജോലി നല്‍കണം. കാശ്മീര്‍ താഴ്‌വരയില്‍ അവശേഷിക്കുന്ന 808 കുടുംബങ്ങള്‍ക്ക് പ്രതിമാസ ധനസഹായം കുറഞ്ഞത് 3,000 രൂപ നല്‍കണം. കാശ്മീരിലെ എല്ലാ ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണ്ഡിറ്റ് യുവാക്കള്‍ക്കുളളത്. കാശ്മീരില്‍ വര്‍ഷങ്ങളായി പണ്ഡിറ്റുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.