02 August, 2020 04:25:23 PM
ചന്ദ്രയാന്‍-2 റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചു - ചെന്നൈയിലെ ഐടി വിദഗ്ധന്‍
ചെന്നൈ: ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുവെന്ന് നിരീക്ഷണം. ചെന്നൈ സ്വദേശിയും ഐടി വിദഗ്ധനുമായ ഷണ്‍മുഖ സുബ്രമണിയനാണ് ഇത്തരമൊരു വാദം മുന്നോട്ടുവെക്കുന്നത്. ചന്ദ്രോപരിതലത്തില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ആള്‍ കൂടിയാണ് ഷണ്‍മുഖ സുബ്രഹ്മണിയന്‍.
പ്രതീക്ഷിച്ചതില്‍ നിന്ന് വിരുദ്ധമായി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി തകര്‍ന്ന വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തുവന്ന റോവര്‍ മീറ്ററുകളോളം സഞ്ചരിച്ചുവെന്നും എന്നാല്‍ ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ ഇതിലെ പേലോഡുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തുവെന്നാണ് ഷണ്‍മുഖ സുബ്രമണിയന്‍ പറയുന്നത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളില്‍ ലാങ്മ്യുര്‍ പ്രോബ് എന്ന ഉപകരണത്തെയാണ് താന്‍ കണ്ടെത്തിയതെന്നും നാസ കണ്ടെത്തിയത് മറ്റ് ഉപകരണങ്ങളായ ആന്റിന, റിട്രോ ബ്രേക്കിങ് എഞ്ചിന്‍, സോളാര്‍ പാനലുകള്‍ എന്നിവയാകാമെന്നും അദ്ദേഹം പറയുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവം സൂര്യപ്രകാശം അധികം എത്താത്ത മേഖലയാണ്. നിഴലുകള്‍ ധാരാളമുള്ളതിനാല്‍ നവംബര്‍ 11 ന് ലാന്‍ഡര്‍ തകര്‍ന്നുവീണ സ്ഥലത്തിന് മുകളില്‍ കൂടി കടന്നുപോയ നാസയുടെ ഉപഗ്രഹത്തിന് ഇവ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സൂര്യപ്രകാശം നേരിട്ട് ഉപരിതലത്തിന് മുകളിലെത്തിയാലല്ലാതെ ഇവ കണ്ടെത്തുക അസാധ്യമായിരുന്നു. ലാന്‍ഡര്‍ പതിച്ച സ്ഥലം പരിഗണിച്ച് നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.
ഭൂമിയില്‍ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ തക്ക അകലത്തിലായിരുന്നു ലാന്‍ഡറിന്റെ സ്ഥാനം. ഭൂമിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ലാന്‍ഡറില്‍ നിന്ന് റോവറിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ടാകാം. പക്ഷെ ഭൂമിയിലെ കേന്ദ്രവുമായി തിരികെ ബന്ധപ്പെടാന്‍ ലാന്‍ഡറിന് സാധിക്കാതെ പോയിട്ടുണ്ടാകാമെന്നും ഷണ്‍മുഗ സുബ്രഹ്മണിയന്‍ പറയുന്നു. എങ്കിലും ലാന്‍ഡറില്‍ നിന്ന് വേര്‍പെട്ട് റോവര്‍ ഉപരിതലത്തിലൂടെ കുറച്ചുദൂരം സഞ്ചരിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു