25 July, 2020 06:58:54 AM
ഉപയോഗിച്ച പിപിഇ കിറ്റുകൾ റോഡരികിൽ; ജനം പരിഭ്രാന്തിയിൽ
കല്യാണി: പശ്ചിമ ബംഗാളിലെ കല്യാണിയിൽ ഉപയോഗിച്ച പിപിഇ കിറ്റുകൾ റോഡരികിൽ കണ്ടെത്തി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഏതാനും പിപിഇ കിറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇത് പ്രദേശവാസികളുടെ ഇടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പിപിഇ കിറ്റുകൾ കണ്ടെത്തിയ സംഭവം പരിശോധിച്ചുവരികയാണെന്ന് കല്യാണി മുനിസിപ്പാലിറ്റി ചെയർപേഴ്സണ് സുശീൽ കുമാർ പറഞ്ഞു. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ആശുപത്രിയിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ സമീപത്തെ എസ്എൻആർ ആശുപത്രിയിലേക്ക് മാറ്റും. ഈ രണ്ട് ആശുപത്രികൾക്കും ഇടയിലെ റോഡിലാണ് പിപിഇ കിറ്റുകൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പിപിഇ കിറ്റകൾ എങ്ങനെയാണ് ഇവിടെ വന്നത് എന്നത് ഒരു ചോദ്യമാണ്. ഒരു പക്ഷേ ആംബുലൻസ് ഡ്രൈവർമാർ ഉപേക്ഷിച്ചതായിരിക്കാം. നഗരത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും സുശീൽ കുമാർ കൂട്ടിച്ചേർത്തു.