21 July, 2020 05:29:53 PM
കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ ഫിനാന്‍സറായിരുന്ന വ്യവസായി അറസ്റ്റില്‍
കാണ്‍പൂര്‍: കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ അടുത്ത അനുയായിയും ഫിനാന്‍സറുമായ ജെയ് വാജ്‌പേയിയും ബന്ധുവായ പ്രശാന്ത് ശുക്ലയും അറസ്റ്റില്‍. ജൂലൈ മൂന്നിന് നടന്ന ആക്രമണത്തില്‍ പോലീസുകാരെ കൊല്ലാന്‍ ഉപയോഗിച്ച ആയുങ്ങളും വികാസ് ദുബെയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണവും നല്‍കിയിരുന്നത് വാജ്‌പേയി ആണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതേതുടര്‍ന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആംസ് ആക്ട്, 120 ബി പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കാണ്‍പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് വാജ്‌പേയി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇയാള്‍ വന്‍ തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് സൂചനയുണ്ട്. വികാസ് ദുബെ പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം തുടര്‍ച്ചയായി മൂന്ന് ആഴ്ചയോളം വാജ്‌പേയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 കാട്രിഡ്ജുകള്‍ കാണാതായിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ വാജ്‌പേയിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വികാസ് ദുബെയും ജെയ് വാജ്‌പേയും തമ്മില്‍ ദിവസവും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ദിവസേന എട്ട് മുതല്‍ പത്ത് തവണ വരെയാണ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നത്.