20 July, 2020 09:52:32 AM
അഴിമതി: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും പുറത്ത്; സിഎജി ഡയറക്ടറെ പിരിച്ചുവിട്ടു
ദില്ലി: അഴിമതി ആരോപണങ്ങളുടെ പേരിൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കെ കോടികൾ മ്യൂച്വൽ ഫണ്ടുകളിൽ സ്വന്തം പേരിൽ നിക്ഷേപിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സിബിഐ കേസുണ്ടായിരുന്നു. രണ്ടുമാസം മുൻപാണ് പിരിച്ചുവിട്ടതെങ്കിലും വിവരം പുറത്ത് വരുന്നത് ഇപ്പോഴാണ്. മേയ് 19നാണ് ധനമന്ത്രാലയം ഇവരെ പിരിച്ചുവിടാൻ ഉത്തരവിട്ടത്.
1991 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥയാണ്. യുപിഎസ്‌സി നടത്തിയ അന്വേഷണത്തിലും ഇവർ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷാ നടപടി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് 250 പേജുള്ള മറുപടി ശാരദ സുബ്രഹ്മണ്യം കഴിഞ്ഞ നവംബറിൽ സിഎജിക്ക് നൽകിയിരുന്നു. എന്നാൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് സിഎജിയും യുപിഎസ്‌സിയും ധനമന്ത്രാലയവും കണ്ടെത്തി.
ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ചട്ടങ്ങൾ പ്രകാരം എടുക്കാമെന്ന് സിഎജി 2018ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ ശാരദ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ യുപിഎസ്‌സി അടക്കം ക്രമക്കേടുകൾ ശരിവച്ചതിനാൽ ഇടക്കാല ഉത്തരവ് നൽകാൻ സിഎടി തയാറായില്ല. ശാരദയുടെ ഹർജി ഇപ്പോഴും സിഎടിയുടെ പരിഗണനയിലാണ്.
ബംഗളൂരുവിൽ കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കവെ ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ 2900 കോടി രൂപ കോഫിബോർഡ്, ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ, ചില മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലേക്കു വ്യക്തിപരമായി വകമാറ്റിയെന്നാണ് ആരോപണം. കോഫിബോർഡിന്റെ 16.2 കോടിയുടെ അധിക ഫണ്ട് വകമാറ്റി. 2002ൽ ഫിനാൻസ് ഡയറക്ടറുടെ പേരിൽ 1.04 കോടി രൂപ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, ബാങ്കിങ് മേഖലയിലെയും ഓഹരി വിപണിയിലെയും ചിലരുടെ കള്ളക്കളികളുടെ ഇരയാണ് താനെന്ന് ശാരദ പറയുന്നു. അന്വേഷണത്തിനിടെ സമർപ്പിക്കേണ്ടിയിരുന്ന രണ്ട് സുപ്രധാന ഫയലുകൾ സിഎജിയിലും കോഫി ബോർഡിലും കാണാതായെന്നും അവർ പറയുന്നു. പിരിച്ചുവിടൽ നടപടി കോടതിയിൽ ചോദ്യംചെയ്യുമെന്നും അവർ വ്യക്തമാക്കി. ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റിയുടെ ഫണ്ടുകളിൽ തിരിമറി നടത്തിയതിന് ശാരദയുടെ ഭർത്താവ് സന്ദീപ് ദാസിനെ ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസിൽ നിന്ന് 2015ൽ പിരിച്ചുവിട്ടിരുന്നു.