15 July, 2020 08:02:41 AM
കാശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിന്‍റെ കുടുംബത്തിന് ധനസഹായം 20 ലക്ഷം
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവിന്‍റെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം കൈമാറി. മരിച്ച ഷെയ്ഖ് വസീമിന്‍റെ വീട്ടിൽ നേരിട്ടെത്തി ലഫ്റ്റനന്‍റ് ഗവർണർ ഗിരിഷ് ചന്ദ്ര മുർമു ആണ് തുക കൈമാറിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപി നേതാവായ ഷെയ്ഖ് വസീം, പിതാവ്, സഹോദരൻ എന്നിവർ ബന്ദിപ്പോര ജില്ലയിലുള്ള ഇവരുടെ വീടിന് സമീപത്ത് ഭീകരരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ നേരിട്ടെത്തി അനുശോചനം അറിയിച്ച ശേഷമാണ് ലഫ്റ്റനന്‍റ് ഗവർണർ കുടുംബത്തിനുള്ള ധനസഹായം കൈമാറിയത്. ഇത്തരത്തിലുള്ള കൊലപാതകങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച ഗിരിഷ് ചന്ദ്ര, അതിക്രൂരമായ ഈ കൊലപാതകം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടു. ഭീതി പടർത്താൻ വേണ്ടിയുള്ള നിഷ്ഠൂരമായ ആക്രമങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.