14 July, 2020 04:48:25 PM
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനം: സച്ചിൻ പൈലറ്റ് 'ഔട്ട്'; ഗണേശ് ഖോഗ്ര 'ഇന്‍'
ജയ്പുർ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി രാജസ്ഥാനിൽ നിർണായക നീക്കങ്ങൾ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് നിൽക്കുന്ന സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്തു. കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാലയാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പൈലറ്റിനെ നീക്കിയിട്ടുണ്ട്. പകരം ഗണേശ് ഖോഗ്ര എംഎഎല്‍എയെ ആ സ്ഥാനത്തേക്കെത്തിച്ചിട്ടുണ്ട്.
പൈലറ്റിനൊപ്പം രണ്ട് മന്ത്രിമാരെ കൂടി പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന എംഎല്‍എമാരുടെ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടു നിന്നിരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് പൈലറ്റ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചർച്ചയിൽ ഭൂരിഭാഗം എംഎൽഎമാരും പുറത്താക്കാനുള്ള തീരുമാനത്തെ പിന്തുണച്ചെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാൻ ബിജെപി സച്ചിൻ പൈലറ്റിനെ കുടുക്കിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വക്താവ് സുർജെവാല അറിയിച്ചത്. 'എംപിയും മന്ത്രിയും പാര്‍ട്ടി പ്രസിഡന്‍റുമായ അദ്ദേഹത്തിന് പല അവസരങ്ങളും ഞങ്ങൾ നൽകി.. .. സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്‍റെ ചില സഹപ്രവര്‍ത്തകരും ബിജെപിയുടെ കെണിയിൽപെട്ടുവെന്നോർത്ത് സങ്കടമുണ്ട്.. അത് അംഗീകരിക്കാനാവില്ല'.. സുർജെവാല വ്യക്തമാക്കി.