12 July, 2020 09:10:59 PM
വീട്ടില്‍ കയറാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല; ഒരു കുടുംബം രാത്രി കഴിഞ്ഞത് ശ്മശാനത്തില്‍
കൊല്‍ക്കത്ത: വീട്ടിലേക്ക് പ്രവേശിക്കാന്‍ നാട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഒരു കുടുംബം രാത്രി മുഴുവന്‍ കഴിഞ്ഞത് ശ്മശാനത്തില്‍.പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശികളായ മോഹ്വാ മുഖര്‍ജി, മകന്‍ രോഹിത് എന്നിവര്‍ക്കാണ് ഈ ദുരനുഭവം. കൊറോണ ഭീതിയെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇവര്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുന്നത് വിലക്കിയത്. ദില്ലിയില്‍ സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന ഇവര്‍ വെള്ളിയാഴ്ചയാണ് രാജധാനി എക്‌സ്പ്രസില്‍ കൊല്‍ക്കത്തയില്‍ എത്തിയത്.
നാട്ടിലെത്തിയ എത്തിയ ഇവര്‍ ആദ്യം പോയത് മോഹ്വായുടെ പിതാവിന്‍റെ വീട്ടിലേയ്ക്കാണ്. എന്നാല്‍ വീട്ടിലേയ്ക്ക് കടക്കാന്‍ ഇവരെ നാട്ടുകാര്‍ അനുവദിച്ചില്ല. ആളുകളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇവരെ സഹര്‍പുരിലുള്ള തന്നെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അവിടെയും നാട്ടുകാര്‍ എതിര്‍പ്പുമായി എത്തി. തുടര്‍ന്നാണ് പോകാന്‍ സ്ഥലമില്ലാതെ ശ്മശാനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ രാത്രി മുഴുവന്‍ ഇവര്‍ കഴിഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.