11 July, 2020 08:49:02 PM
സ്വപ്ന സുരേഷും സന്ദീപും കസ്റ്റഡിയില്‍: പിടിയിലായത് ബംഗളുരുവില്‍നിന്ന്
ബംഗളുരു: സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ബംഗളുരുവില്‍ കസ്റ്റഡിയില്‍. സ്വപ്നയോടൊപ്പം സന്ദീപ് നായരും സ്വപ്നയുടെ കുടുംബവും പിടിയിലായി. ബംഗളുരുവിലെ എന്‍ഐഎ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്നാ സുരേഷ്. ആറ് ദിവസത്തിന് ശേഷമാണ് ഇവര്‍ കസ്റ്റഡിയിലായത്.
അഭിഭാഷകന്‍റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവേലക്ക് കടന്നതെന്നാണ് പറയുന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് സ്വപ്‌നയും കുടുംബവും സന്ദീപും ബംഗളൂരുവിലെത്തുന്നതെന്നും പറയപ്പെടുന്നു. എന്നാൽ ബംഗളൂരുവിൽ അഭയകേന്ദ്രമൊന്നും ലഭിച്ചിരുന്നില്ല. സ്വപ്‌ന ബംഗളൂരുവിൽ നിന്ന് ഫോൺ കോൾ നടത്തിയിരുന്നു. ഇതാണ് സ്വപ്‌നയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചതെന്നാണ് റിപ്പോർട്ട്.
സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. എന്‍ഐഎ കേസ് ഏറ്റെടുത്ത് രണ്ടാം നാളില്‍ സ്വപ്ന പിടിയിലായി എന്നതും ശ്രദ്ധേയമാകുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
സ്വര്‍ണ്ണം പിടിച്ച പിന്നാലെ സ്വപ്ന ഒളിവില്‍ പോയിട്ടും സംസ്ഥാനപോലീസിന് ഇവരെ കണ്ടെത്താന്‍ കഴിയാതെ പോയത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. കര്‍ശനമായ സുരക്ഷാനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കെ സ്വപ്നയും കുടുംബവും എങ്ങനെ രണ്ട് സംസ്ഥാനഅതിര്‍ത്തികള്‍ പിന്നിട്ട് ബംഗളുരുവില്‍ എത്തിയെന്ന ചോദ്യം അവശേഷിക്കുകയാണ്. പോലീസ് വകുപ്പിലും സര്‍ക്കാര്‍ തലത്തിലുമുള്ള സ്വപ്നയുടെ സ്വാധീനമാണ് ഇതിന് ഉപകരിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി.
സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടുന്നതിന് കേരള പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതിന് പിന്നാലെയാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചുവെന്നും കസ്റ്റംസ്, എന്‍.ഐ.എ എന്നിവയുമായുള്ള ഏകോപനം നിര്‍വ്വഹിക്കുമെന്നായിരുന്നു പത്രകുറിപ്പ്.
സംസ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെയ്ക്കാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടചുമതല നല്‍കിയത്. കേസില്‍ ആരോപണവിധേയരായവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കസ്റ്റംസ് അധികൃതരില്‍ നിന്ന് ഇ-മെയിലായി അപേക്ഷ ലഭിച്ചിരുന്നു.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവന്നു.