09 July, 2020 08:32:47 AM
തീവ്രവാദി ആക്രമണം; കശ്മീരിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: ഭീകരർ നടത്തിയ വെടിവയ്പ്പിൽ ബിജെപി നേതാവും രണ്ട് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. കശ്മീലെ ബന്ദിപ്പോറയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരി ഇയാളുടെ പിതാവ്, സഹോദരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ബിജെപി നേതാവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരായ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ് കൂടിയായ ബാരിയുടെ കടയിൽ വച്ചായിരുന്നു ആക്രമണം. ഇയാളുടെ വീടും ഇതിനോട് ചേർന്ന് തന്നെയാണ്. ബൈക്കിലെത്തിയ തീവ്രവാദസംഘം ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സ്ഥലത്തെ മുഖ്യപൊലീസ് സ്റ്റേഷന് പത്ത് മീറ്റർ മാത്രം ദൂരത്തിലാണ് ആക്രമണം നടന്നിരിക്കുന്നത്.
'കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു ആക്രമണം. ബിജെപി നേതാവിന്‍റെ കടയ്ക്ക് മുന്നിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വസീം ബാരി, പിതാവ് ബഷീർ അഹമ്മദ്, സഹോദരൻ ഉമർ എന്നിവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരും വൈകാതെ മരിച്ചു' എന്നാണ് ഡിജിപി ദില്‍ബഗ് സിംഗ് അറിയിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവിന് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ പൊലീസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കി.