08 July, 2020 12:38:20 AM


ഗംഗ പുനരുജ്ജീവനത്തിന് 3000 കോടി രൂപയുടെ ലോക ബാങ്ക് സഹായം



ദില്ലി: ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗേ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന് ലോക ബാങ്കും കേന്ദ്ര ഗവണ്‍മെന്റും വായ്പാ കരാറില്‍ ഒപ്പു വച്ചു. നദിയിലെ മലിനീകരണം തടയുന്നതിനും 50 കോടി ജനങ്ങള്‍ ആശ്രയിക്കുന്ന നദീതടത്തിന്റെ  പരിപാലനം ശക്തമാക്കുന്നതിനും രണ്ടാമത് ദേശീയ ഗംഗാ നദീതട പദ്ധതി സഹായകമാകും. 381 ദശലക്ഷം ഡോളര്‍ വായ്പയും 19 ദശലക്ഷം ഡോളര്‍ വരെയുള്ള ഈടും അടങ്ങുന്നതാണ് 400 ദശലക്ഷം ഡോളറിന്റെ (2993,46,60,000 രൂപ) സഹായം. 


കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരേയും ലോക ബാങ്കിന്റെ ആക്ടിംഗ് കണ്‍ട്രി ഡയറക്ടര്‍(ഇന്ത്യ) ഖൈവസര്‍  ഖാനും ചേര്‍ന്ന് വായ്പ കരാറില്‍ ഒപ്പുവച്ചു. ഗംഗയെ ശുചിത്വവും ആരോഗ്യവുമുള്ള നദിയാക്കുന്നതിനുള്ള  സുപ്രധാന ദേശീയ പദ്ധതിയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും ലോക ബാങ്കിന്റെയും പങ്കാളിത്തം വ്യാപിപ്പിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഖരേ പറഞ്ഞു. 


ദേശീയ ഗംഗാ നദീ തട പദ്ധതി വഴി 2011 മുതല്‍ ലോക ബാങ്ക് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. നദീ പരിപാലനത്തിനുള്ള നോഡല്‍ ഏജന്‍സിയായി ഗംഗാ ശുചീകരണത്തിനുള്ള ദേശീയ ദൗത്യം ആവിഷ്‌ക്കരിക്കാനും നിരവധി നദീതട നഗരങ്ങളിലും പട്ടണങ്ങളിലും മലിനജല സംസ്‌കരണത്തിനുള്ള അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിലും ഈ പദ്ധതിസഹായകരമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K