03 July, 2020 01:47:02 PM


സുരക്ഷാ ക്രമീകരണം: പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലഡാക്കിലെത്തി



ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ ലഡാക്ക് തലസ്ഥാനമായ ലേയിലെത്തി. ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിച്ചു. സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള സൈനികരെയും അദ്ദേഹം സന്ദർശിച്ചു. ജൂൺ 15 ന് ലഡാക്കിൽ ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായിട്ടാണ് ഒരു മന്ത്രിസഭാംഗം ലഡാക്കിൽ സന്ദർശിക്കുന്നത്. 


മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K