02 July, 2020 09:29:19 AM
മുംബൈ വിമാനത്താവള അഴിമതി: ചെയര്‍മാനും എംഡിയ്ക്കും എതിരെ സിബിഐ കേസ്
മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളം, ജിവികെ ഗ്രൂപ്പ് എന്നിവയുടെ ചെയർമാനായ ജി. വെങ്കട കൃഷ്ണ റെഡ്ഡിക്കെതിരെ 805 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും മറ്റ് ഒമ്പത് സ്വകാര്യ കമ്പനികളുടെയും ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. 2012 മുതൽ 2018 വരെ 805 കോടി രൂപ അനധികൃതമായി സ്വന്തമാക്കി പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ജിവികെ കമ്പനി, എയർപോർട്ട് അതോറിറ്റി ഇന്ത്യ, ഏതാനും വിദേശ സ്ഥാപനങ്ങൾ എന്നിവരുടെ ഉടമസ്ഥതയിലാണ് മുംബൈ വിമാനത്താവളം. ഇതിൽ 50.5 ശതമാനം ഓഹരിയും ജിവികെ കമ്പനിയുടേതാണ്. എയർപോർട്ട് അതോറിറ്റി ഇന്ത്യക്ക് 26 ശതമാനം ഓഹരിമാത്രമാണുള്ളത്. വിമാനത്താവളം എംഡി ജി.വി സഢ്ജയ് റെഡ്ഡിക്കും എതിരെ കേസെടുത്തിട്ടുണ്ട്.
ജിവികെ ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും മുംബൈ വിമാനത്താവളത്തിലെ പ്രധാന വാണിജ്യസ്ഥാപനങ്ങള്‍ തുച്ഛമായ വിലയ്ക്ക് നല്‍കിയെന്നും വിമാന ടിക്കറ്റുകള്‍ വാങ്ങാനും ഹോട്ടല്‍ ബുക്കിംഗിനും മറ്റുമായി ജിവികെ ഗ്രൂപ്പ് കമ്പനി ഉടമസ്ഥരുടെ ബന്ധുക്കള്‍ക്കും ജീവനക്കാര്‍ക്കും പിന്‍വാതില്‍ കരാറുകള്‍ നല്കിയെന്നതുമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.