30 June, 2020 06:25:52 AM
ഹെല്‍മെറ്റും മാസ്‌കുമില്ല; ബിജെപി നേതാവിന്റെ 50 ലക്ഷത്തിന്റെ ബൈക്കില്‍ ചീഫ് ജസ്റ്റിസ്
ദില്ലി: ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്സണ്‍ സൂപ്പര്‍ ബൈക്കില്‍ കോവിഡ് കാലത്ത് ഹെല്‍മെറ്റും മാസ്‌കുമില്ലാതെ ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 64 കാരനായ ചീഫ് ജസ്റ്റിസിന് ബൈക്കുകളോട് താല്‍പ്പര്യമുണ്ടെന്നതും ഒരു ബുള്ളറ്റ് സ്വന്തമാക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നതും മുമ്പ് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ ജന്മനാടായ നാഗ്പൂരില്‍ ഒരു ബിജെപി നേതാവിന്റെ 50 ലക്ഷം വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ സിവിഒ 2020 ല്‍ കയറിയിരിക്കുന്ന ദൃശ്യമാണ് വിവാദമായിരിക്കുന്നത്.
നാഗ്പൂരിലെ രാജ്ഭവില്‍ ബിജെപി നേതാവിന്റെ 50 ലക്ഷം മോട്ടോര്‍ സൈക്കിള്‍ മാസ്‌കോ ഹെല്‍മെറ്റോ ഇല്ലാതെ സിജെഐ ഓടിക്കുന്നതായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ അനുവദിക്കുന്ന സുപ്രീംകോടതി പൗരന്മാര്‍ക്ക് നീതി ലഭിക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്നതായും പ്രശാന്ത് ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു. അയോധ്യ വിധിയുള്‍പ്പടെയുള്ള സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്ന ചീഫ് ജസ്റ്റിസ് കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഇത്തരത്തില്‍ പുറത്തെത്തിയത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
കോവിഡ് സമയത്ത് ജഡ്ജിമാര്‍ കറുത്ത കോട്ടും ഗൗണും ഒഴിവാക്കണമെന്നും മറ്റും അദ്ദേഹം പറഞ്ഞിരുന്നു. കൊറോണ വൈറസ് മുന്‍കരുതലുകള്‍ കാരണം ഈ വര്‍ഷം പരിപാടി അനുവദിക്കില്ലെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കര്‍ഫ്യൂവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ജഗന്നാഥ് രഥയാത്രയ്ക്ക് അനുമതി നല്‍കി.
അതേസമയം, ബൈക്ക് ഓടിക്കുകയല്ലെന്ന് ചിത്രത്തില്‍ വ്യക്തമാകുന്നുണ്ടെങ്കിലും ആളുകള്‍ക്കിടയില്‍ ബോബ്‌ഡെ മാസ്‌ക് ധരിക്കാതെയാണ് നില്‍ക്കുന്നത്. 2019 നവംബറില്‍ രാജ്യത്തെ ഉന്നത ജഡ്ജിയായി ചുമതലയേല്‍ക്കുമ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഒന്നിലധികം അഭിമുഖങ്ങളില്‍ ബൈക്കുകളോടുള്ള ഇഷ്ടം പങ്കുവെച്ചിരുന്നു. ബൈക്ക് റൈസ് പരീക്ഷിക്കുന്നതിനിടെ അദ്ദേഹത്തിന് ഒരു അപകടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.