25 June, 2020 08:30:11 PM
ബിഹാറില്‍ ഇടിമിന്നല്‍ വിളയാട്ടം: മരിച്ചവരുടെ എണ്ണം 83 ആയി; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
പട്‌ന: ബിഹാറില്‍ കനത്ത ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 83ആയി. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നവാഡയില്‍ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിവാന്‍, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ ആറുപേര്‍ വീതവും ദാര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതയും മരിച്ചു. മരിച്ചവരുടെ കുടുബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കൃഷിപ്പാടങ്ങളില്‍ ജോലി ചെയ്തവരാണ് കൂടുതലും അപകടത്തിന് ഇരയായത്. കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. മഴ സമയത്ത് ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഹാറിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.