25 June, 2020 06:05:14 PM
പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള കേരളത്തിന്‍റെ നിർദ്ദേശങ്ങൾ ശ്ലാഘനീയം - വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: പ്രവാസികളെ വിമാനത്തിൽ തിരികെ കൊണ്ടുവരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ശ്ലാഘനീയമാണെന്നു വിദേശ കാര്യ മന്ത്രാലയം. സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്.
മടങ്ങി വരുന്ന പ്രവാസികൾക്ക് എൻ 95 മാസ്ക്ക്, ഫേസ് ഷീൽഡ്, കൈയുറകൾ തുടങ്ങിയവ ഉറപ്പാക്കുവാൻ എയർ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഗൾഫിലെ എംബസികൾക്ക് കേരളത്തിന്റെ നിർദ്ദേശങ്ങൾ വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളുടെ സുഖമമായ നടത്തിപ്പിന് ഈ നിർദ്ദേശങ്ങൾ മുതൽക്കൂട്ടാവും എന്നും അദ്ദേഹം കേരളാ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്തയ്ക്ക് അയച്ച കത്തിൽ പറയുന്നു.