22 June, 2020 08:10:34 PM


കെ.സി വേണുഗോപാലിന് വോട്ട്; സിപിഎം എം.എൽ.എയ്ക്ക് സസ്പെൻഷന്‍



ജയ്പുർ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂലമായി സ്ഥാനാർഥിക്ക് വോട്ടു ചെയ്തതിന് രാജസ്ഥാനിലെ സി.പി.എം എം‌എൽ‌എ ബൽവാൻ പൂനിയയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ  കെ‌സി വേണുഗോപാൽ, നീരജ് ഡാംഗി, ബിജെപിയിലെ രാജേന്ദ്ര ഗെലോട്ട് എന്നിവരാണ് വിജയിച്ചത്. ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർത്ഥി ഓങ്കർ സിംഗ് ലഖാവത്ത് പരാജയപ്പെട്ടു.
ജൂണ്‍ 19 ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രണ്ടാം സ്ഥാനാർഥിക്ക് വിജയ സാധ്യതയുണ്ടെങ്കിൽ മാത്രം വോട്ടുചെയ്യാനാണ് സിപിഎം തങ്ങളുടെ രണ്ട് എം‌എൽ‌എമാരോട് നിർദ്ദേശിച്ചിരുന്നത്. ബൽ‌വാൻ പൂനിയ, ഗിർ‌ധാരി ലാൽ എന്നിവരാണ് സംസ്ഥാന നിയമസഭയിലെ പാർട്ടി പ്രതിനിധികൾ. പൂനിയ കോൺഗ്രസിനെ വോട്ട് ചെയ്തെങ്കിലും ഗിർ‌ധാരി ലാൽ വോട്ട് ചെയ്തില്ല. സംഭവത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി പൂനിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം കോൺഗ്രസ് സ്ഥാനാർഥി ജയിക്കുമെന്ന് താൻ എങ്ങനെ മുൻകൂട്ടി അറിയുമെന്നാണ് പൂനിയ ചോദിക്കുന്നത്. പാർട്ടി നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ 200 അംഗങ്ങളിൽ 198 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഗിർധാരി ലാലിനെ കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസിലെ 'ഭൻവർ ലാൽ മേഘ്വാളും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K