21 June, 2020 04:20:26 PM
മായാവതിക്ക് ചന്ദ്രനില്‍ 3 ഏക്കര്‍ സ്ഥലം സമ്മാനിച്ച ബി.എസ്.പി മുന്‍ നേതാവ് വെടിയേറ്റ് മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതിക്ക് ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ ഭൂമി സമ്മാനിച്ച മുന്‍ ബി.എസ്.പി നേതാവ് നരേന്ദ്ര സിംഗ് വെടിയേറ്റ് മരിച്ചു. ചകേരിയിലെ ജെ.കെ ആഷിയാന കോളനിയിലൂടെ സഞ്ചരിക്കവെ സിംഗിനെ രണ്ട് ബൈക്കുകളിലെത്തിയ നാല് അജ്ഞാതര്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ആറ് റൗണ്ട് വെടിയേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ചകേരിയിലെ മംഗ്ല വിഹാറിലാണ് സിംഗ് താമസിക്കുന്നത്. ബി.എസ്.പി മുന്‍ നേതാവായിരുന്നു സിംഗ്. 2007ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണ്ഡ് മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. സിംഗിന്റെ അമ്മ ശാന്തിദേവി ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. അച്ഛന്‍ സോണ്‍ സിംഗ് ഗോഗെമാവ് ഗ്രാമമുഖ്യനുമായിരുന്നു.
എസ്.പി ദിനേഷ് കുമാറും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഉപയോഗിച്ച 11 കാട്രിഡ്ജുകള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാനായിട്ടില്ല. സിംഗ് തന്റെ ഇന്നോവയില്‍ നിന്ന് ഇറങ്ങിയ ഉടനെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. 2017ലും സിംഗിനെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്. 2010ല്‍ മായാവതിയുടെ 54-ാം ജന്മദിനത്തിന് അവര്‍ക്ക് ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ സ്ഥലം സമ്മാനിച്ചതോടെയാണ് സിംഗ് പ്രശസ്തിയിലേക്കുയര്‍ന്നത്. യു.എസിലുള്ള ലൂണാര്‍ റിപ്പബ്ലിക് സൊസൈറ്റിയില്‍ നിന്നുമാണ് സിംഗ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്.