20 June, 2020 06:37:34 PM
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ; ലോകം ഇരുട്ടിലാകുമെന്ന് മായന്‍ കലണ്ടര്‍
ദില്ലി: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ. നൂറ് വർഷത്തിനിടയിലെ ഏറ്റവും ആഴമേറിയ സൂര്യഗ്രഹണമാണ് നാളെ സംഭവിക്കാനിരിക്കുന്നത്. സൂര്യനും ഭൂമിയ്ക്കുമിടയില്‍ ചന്ദ്രന്‍ വരുന്നതിന്റെ ഭാഗമായി ഭൂമിയുടെ ഉപരിതലത്തില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോഴാണ് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ജൂണ്‍ 21ന് രാവിലെ 9.15ന് രാവിലെയാണ് ഗ്രഹണം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.10 പൂര്‍ണതയിലെത്തും. 3.03 ന് പൂര്‍ത്തിയാകും. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഗ്രഹണം തുടങ്ങുക. അത് ഏകദേശം രാവിലെ 10.12 നാണ്. 11.49ന് വലയം ദൃശ്യമാകും. മുപ്പത് സെക്കന്റ് മാത്രമാണ് വലയം ദൃശ്യമാകുക. 11.50 ന് അവസാനിക്കും.
ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വലയ ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമാകുക. സൂര്യഗ്രഹണം ദൃശ്യമാകാനിരിക്കേ നിരവധി ഊഹാപോഹങ്ങളും ഉയർന്നിട്ടുണ്ട്. സൂര്യഗ്രഹണത്തോടെ കൊറോണ വൈറസ് നശിക്കുമെന്നാണ് അതിൽ ശ്രദ്ധേയമായത്. ഇന്ത്യക്കാർ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ഏറ്റവും കൂടുതൽ അന്വേഷിച്ചതും ഇക്കാര്യമാണ്.
നാളത്തെ സൂര്യഗ്രഹണത്തിന് വേറെയുമുണ്ട് സവിശേഷതകൾ. മായൻ കലണ്ടർ അനുസരിച്ച് 2020 ജൂൺ 21 ന് ലോകം അവസാനിക്കുമെന്നാണ് പ്രവചനം. എന്നാൽ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഈ വാദത്തിനില്ല. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായൻ വിശ്വാസം. ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും ജൂൺ 21 ആണ്. കേരളത്തിൽ ഭാഗികമായി മാത്രമാണ് സൂര്യഗ്രഹണം ദൃശ്യമാകുക. കാലാവസ്ഥയും പ്രധാന ഘടകമാണ്.