17 June, 2020 09:42:53 PM
ദില്ലി ആരോഗ്യമന്ത്രിക്ക് കോവിഡ് ; രോഗം അമിത് ഷായുടെ യോഗത്തിൽ പങ്കെടുത്ത പിന്നാലെ
ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജയിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശക്തമായ പനിയെയും ശ്വാസ തടസത്തെയും തുടർന്ന് രാജിവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് ഫലം പോസിറ്റീവ് ആകുകയായിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെ ആയിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംബന്ധിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സത്യേന്ദ്ര ജയിൻ തന്നെയാണ് ട്വിറ്ററിലൂടെ തന്‍റെ രോഗവിവരം പുറത്തുവിട്ടത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് രാജിവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ആയതായി അദ്ദേഹം അറിയിച്ചു. ട്വീറ്റിന് മറുപടിയായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി കെജ്രിവാൾ സ്വയം ക്വാറന്റീനിൽ പോയിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ മൂന്നാമതാണ് ദില്ലി.