16 June, 2020 02:15:30 PM


ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു


Galwan Valley


ശ്രീനഗർ: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ സൈനികര്‍ ഏറ്റുമുട്ടി. മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യൂ. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഒരു കേണലും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഇന്‍ഫന്ററി ബെറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവാണെങ്കിലും 40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സൈനികര്‍ക്ക് ജീവഹാനിയുണ്ടാകുന്നത്.


16 ബിഹാര്‍ ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ആയ സന്തോഷ് ബാബു ആണ് വീരമൃത്യൂ വരിച്ച കേണല്‍. ആന്ധ്രാപ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. എന്നല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് ചൈന പറയുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും ഏകപക്ഷീയമായ നടപടി പാടില്ലെന്നും പ്രകോപനമുണ്ടാകരുതെന്നും ചൈന വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചതായും ചൈനീസ് പക്ഷത്തും ആള്‍നാശമുണ്ടെന്നും സൂചനയുണ്ട്. തോക്കുപയോഗിച്ചുള്ളഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും കല്ലുകള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയതാവാമെന്നും സൂചനയുണ്ട്.


ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന കടന്നുകയറ്റം പതിവാക്കിയതോടെ ഇരുഭാഗത്തേയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. സൈനിക തലത്തിലെ ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ ചൈനീസ് സൈന്യം മൂന്നു കിലോമീറ്ററോളം പിന്മാറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്. പ്രശ്‌ന പരിഹാരത്തിന് ഇരുപക്ഷത്തെയും സേനകള്‍ ചര്‍ച്ച തുടങ്ങി.


ഗാല്‍വാനില്‍ ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം ഉപേക്ഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഈ റോഡ് വന്നാല്‍ അതിര്‍ത്തിയിലേക്കുള്ള ഇന്ത്യന്‍ സൈന്യത്തിന് വരവ് സുഗമമാകും. ഈ റോഡിനെ ചൊല്ലി ഇരുപക്ഷത്തേയും സൈനികര്‍ തമ്മില്‍ ഉന്തും തള്ളും പതിവായിരുന്നു. കല്ലേറും നടന്നിട്ടുണ്ട്. എന്നാല്‍ 1975ന് ശേഷം വെടിവയ്പ് ഉണ്ടായിട്ടില്ല.


കഴിഞ്ഞ ദിവസം ലഡാക്ക് അതിര്‍ത്തിയില്‍ നാലിടത്ത് ചൈന നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നിടങ്ങളില്‍ അതിക്രമിച്ചു കയറിയ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ചൈന പിന്മാറിയിരുന്നു. എന്നാല്‍ ഗാല്‍വാനിന്റെ കാര്യത്തില്‍ ചൈന കടുംപിടുത്തം തുടരുകയായിരുന്നു. ഗാല്‍വനില്‍ റോഡ് നിര്‍മ്മാണത്തില്‍ നിന്ന് നിന്ന് ഇന്ത്യ പിന്മാറിയാല്‍ പിന്മാറാമെന്ന നിലപാടാണ് ചൈനീസ് സൈന്യത്തിന്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K