15 June, 2020 02:33:47 PM
ലോക്ഡൗണിൽ അടച്ചിട്ട ക്രൈസ്തവ ദേവാലയം കത്തിനശിച്ച നിലയില്‍
മധുര: ചെങ്കല്‍പട്ടില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം അഗ്നിക്കിരയായി. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസമായി അടഞ്ഞുകിടന്നിരുന്ന ദേവാലയമാണ് കഴിഞ്ഞ ദിവസം കത്തിനശിച്ചത്. പള്ളിയില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. ബാറ്ററി ചാര്‍ജ് ചെയ്താണ് ശുശ്രൂഷയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യം കഴിയുമ്പോള്‍ ബാറ്ററി അഴിച്ചുമാറ്റുകയുമായിരുന്നു രീതി. അതുകൊണ്ടുതന്നെ വൈദ്യൂതി തകരാറല്ല അഗ്നിബാധയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പോലീസ്.
പ്രദേശവാസികള്‍ക്ക് ആര്‍ക്കും പള്ളിയുമായി പ്രശ്‌നം ഉണ്ടായിരുന്നില്ലെന്ന് കത്തിനശിച്ച റിയല്‍ പീസ് ഗോസ്പല്‍ മിനിസ്ട്രി പള്ളിയിലെ പാസ്റ്റര്‍ രമേശ് ജെബരാജ് പറഞ്ഞു. കാഴ്ച പരിമിതിയുള്ള ആളാണ് ഇദ്ദേഹം. ചെന്നൈയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെ പലാര്‍ നദിക്ക് സമീപമാണ് പള്ളി സ്ഥിതി ചെയ്തിരുന്നത്. പത്തു വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ പള്ളി.
പള്ളി പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. ചുമരുകളും തൂണുകളും മാത്രമാണ് അവശേഷിച്ചത്. സംഗീതോപകരണങ്ങളും മേശകളും മറ്റും കത്തിനശിച്ച നിലയിലാണ്. ആമരാ മനഃപൂര്‍വ്വം പള്ളിക്ക് തീയിട്ടതാണെന്നും ആരെയും ഇക്കാര്യത്തില്‍ സംശയമില്ലെന്നും പാസ്റ്റര്‍ പറയുന്നു. എല്ലാ വിശ്വാസത്തിലും പെട്ടവര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്ക് വരുന്നുണ്ട്. അതില്‍ അസൂയയുള്ള ആരോ ആണ് തീയിട്ടത്. അവരോട് ക്ഷമിക്കുകയാണെന്നും പാസ്റ്റര്‍ പറയുന്നു.