14 June, 2020 04:36:00 PM
കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തു: ഭഗവത്ഗീത വീട്ടിലെത്തിച്ച് ആമസോൺ
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് കിട്ടിയത് ഭഗവത്ഗീത. കൊല്‍ക്കത്ത സ്വദേശിയായ സുതീര്‍ഥ ദാസിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആമസോണില്‍ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ അദേഹം ഓര്‍ഡര്‍ ചെയ്തത്. ബുക്കിങ്ങ് സ്ഥിരീകരിച്ചുകൊണ്ടുളള മെസേജും ദാസിന് ലഭിച്ചിരുന്നു.
ശനിയാഴ്ച ഒരാള്‍ വിളിച്ച് തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും അറിയിച്ചു. എന്നാല്‍ ഓഫീസിലായതിനാല്‍ പാക്കേജ് റദ്ദാക്കാന്‍ സാധിച്ചില്ല. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പുസ്തകമായ ഭഗവത്ഗീതയുടെ സംക്ഷിപ്ത രൂപമായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുദീര്‍ത്ഥ ദാസ് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.