13 June, 2020 06:37:04 PM
കോവിഡ് ബാധിതനെ രോഗം മാറിയ ആൾക്കു പകരം വിട്ടയച്ചു; ഗുരുതര വീഴ്ച
ഗുവാഹത്തി: രോഗമുക്തി നേടിയയാൾക്കുപകരം കോവിഡ് ബാധിതനെ വിട്ടയച്ചത് വിവാദമായി. അസുഖം മാറിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കോവിഡ് ബാധിതനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. അസമിലെ ദറാങിലെ മംഗൽദായി സിവിൽ ആശുപത്രിയിലാണ് സംഭവം. രണ്ടുപേരുടെയും പേരിലെ സമാനതയാണ് അബദ്ധം സംഭവിക്കാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഏതായാലും സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മജിസ്‌ട്രേറ്റ് തല അന്വേഷണമാണ് നടക്കുക.
അന്യസംസ്ഥാനത്തുനിന്ന് മടങ്ങിയെത്തിയ തൊഴിലാളിയുടെയും മറ്റൊരാളുടെയും പേരുകളിലെ സാമ്യമാണ് വിനയായത്. കുടിയേറ്റ തൊഴിലാളി ജൂൺ അഞ്ചു മുതൽ ചികിത്സയിലാണ്. അതേ പേരുള്ള മറ്റൊരാൾ ജൂൺ മൂന്നു മുതൽ കോവിഡ് ബാധിതനായി ചികിത്സയിലുണ്ടായിരുന്നു. ഇരുവരുടെയും സ്വദേശം ദാൽഗാവ് ആയിരുന്നതും ആശയകുഴപ്പം സൃഷ്ടിച്ചു.
ഇതിൽ ജൂൺ മൂന്നു മുതൽ ചികിത്സയിലുണ്ടായിരുന്നയാൾ കോവിഡ് മുക്തി നേടി. എന്നാൽ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തത് കുടിയേറ്റ തൊഴിലാളിയെ. രാത്രി ഒമ്പതുമണിയോടെ ആംബുലൻസിൽ വീട്ടിലെത്തിച്ചശേഷമാണ് ആശുപത്രി അധികൃതർക്ക് അബദ്ധം മനസിലായത്. ഉടൻ തന്നെ രോഗിയെ തിരികെ വിളിക്കുകയും ഇയാളുടെ വീട്ടുകാരെ ക്വറന്‍റീനിലാക്കുകയും ചെയ്തു. എന്നാൽ പിറ്റേദിവസം നടത്തിയ പരിശോധനയിൽ കുടിയേറ്റ തൊഴിലാളിയായ രോഗിയുടെ പരിശോധന ഫലവും നെഗറ്റീവായി.